Monday, May 24, 2010

വടക്കേ ഇന്ത്യയില്‍ നിന്നൊരു സഹോദരന്‍

ട്രെയിനില്‍ കയറിയതും ഒരു സീറ്റ്‌ ഒത്തു. ബാഗ്‌ എടുത്തു വച്ച ശേഷം ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ സീറ്റില്‍ ഇരുന്നു. ചുറ്റിനും ഇരിക്കുന്ന ആളുകളെ ഒന്ന് കണ്ണോടിച്ചു. എന്‍റെയടുത്ത്  ഇരുന്നത് വടക്കേ ഇന്ത്യക്കാരനായ ഒരു പയ്യനായിരുന്നു. പാന്‍ ചവച്ച് കറ വീണ പല്ല് കാട്ടി അവന്‍ ചിരിച്ചു. ഞാനും ഒരു ചിരി പാസ്സാക്കി.
ഉടന്‍ അവന്‍ എന്നോടൊരു ചോദ്യം...
"ടിഷ്യു...?"
ഒരു ടവല്‍ പോലും വച്ചു ശീലമില്ലാത്ത ഞാന്‍ അവന്‍റെ ചോദ്യം കേട്ട് ഞെട്ടി... എന്‍റെ മുഖഭാവം മാറിമറിയുന്നത് കണ്ടപ്പോള്‍ എനിക്ക് കാര്യം പിടികിട്ടിയിട്ടില്ലെന്ന് അവനു മനസ്സിലായി... അവന്‍ വീണ്ടും ആവര്‍ത്തിച്ചു....
"ടിഷ്യു.. ടിഷ്യു...?"
ഇത്തവണ ഞാന്‍ ചുറ്റിനും ഇരുന്നവരെ ഒക്കെ നോക്കി... ആര്‍ക്കും സംഗതി പിടികിട്ടിയ മട്ടില്ല. അന്ധാളിച്ചു കൊണ്ട് ഞാനവന്‍റെ മുഖത്തേക്ക് നോക്കി... അവന്‍ പോക്കറ്റില്‍ കയ്യിട്ട് ട്രെയിന്‍ ടിക്കറ്റെടുത്ത് ചൂണ്ടി കാണിച്ചു... ഞാന്‍ അതെടുത്തു നോക്കി...
ഓ തൃശുരോ?... അടുത്ത സ്റ്റോപ്പ്‌.. നെക്സ്റ്റ് സ്റ്റോപ്പ്‌.. അഗല സ്റ്റോപ്പ്‌. എല്ലാം കൂടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ അവനു കാര്യം പിടികിട്ടി. അവന്‍ വീണ്ടും ആ പല്ല് കാട്ടി ചിരിച്ചു.. തൃശൂര്‍ എത്തുന്നത്‌ വരെ എന്‍റെ ഹിന്ദിയും ലവന്‍റെ ഹിന്ദിയും തമ്മില്‍ ഒരു പോരാട്ടം തന്നെ നടന്നു.
ആദ്യമായി വീട് വിട്ടിറങ്ങിയതാണവന്‍. വീടിനെ പറ്റി പറഞ്ഞപ്പോള്‍ അവന്‍റെ കലങ്ങിയ കണ്ണുകള്‍ നിറഞ്ഞു. തൃശൂരില്‍ അവന്‍റെ ഒരു നാട്ടുകാരന്‍ ഉണ്ട്. അയാളുടെ കൂടെ കൂടാന്‍ വന്നതാണ്. അവന്‍റെ സ്ഥിതിയോര്‍ത്തു പാവം തോന്നുക എന്നല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാന്‍ ഇല്ലായിരുന്നു.
തൃശൂര്‍ എത്തിയപ്പോള്‍ അവന്‍റെ കൂടെ ഞാനും പുറത്തേക്കിറങ്ങി. യാത്ര പറഞ്ഞ ശേഷം അവന്‍ നടന്നു.. ട്രെയിനിന്‍റെ വാതിലിനരികില്‍ നിന്ന് അവന്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു.

No comments:

Post a Comment