Sunday, May 9, 2010

ട്രെയിന്‍ യാത്ര

റെയില്‍വേ സ്റ്റേഷന്‍. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നു ട്രെയിന്‍ കയറാന്‍ അന്ന്  പതിവില്‍ കൂടുതല്‍ തിരക്കായിരുന്നു. ആ തിരക്കിനിടയില്‍ നിന്നും ഒരു വൃദ്ധന്‍ വെള്ളം കുടിക്കാനായി കടയില്‍ കയറി. നന്നേ ക്ഷീണിച്ചിരുന്നു അദ്ദേഹം. വെള്ളം വാങ്ങി കാശ് കൊടുത്ത് അദ്ദേഹം ട്രെയിന്‍ കാത്തു നിന്ന ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു.
ഏറെ നേരത്തെ കാത്തു നില്‍പ്പിനു ശേഷം ട്രെയിന്‍ വന്നു. ട്രെയിനില്‍ നിന്ന് ഇറങ്ങുന്നവരെ ഇടിച്ചു തോല്‍പ്പിച്ചു കുറെ പേര്‍ ഇടയിലൂടെ കയറി പോയി. ബാക്കിയുള്ളവര്‍ എല്ലാവരും ഇറങ്ങിയ ശേഷം പരസ്പരം പോരടിച്ചു മത്സരിച്ചു അകത്തേക്ക് കയറി പറ്റി... ഇതിനിടയില്‍ പോക്കറ്റടിക്കാര്‍ പോക്കറ്റടിക്കാന്‍ പോലും നന്നേ ബുദ്ധിമുട്ടി. നീണ്ട നേരത്തെ യുദ്ധത്തിനു ശേഷം സീറ്റ്‌ കിട്ടിയവരൊക്കെ ലോകം കീഴടക്കിയവരെ പോലെ ഇരുന്നു. കിട്ടാത്തവര്‍ ചമ്മിയ മുഖവുമായും ഇരിക്കുന്നവരെ നോക്കി മുറുമുറുത്തും ഒക്കെ നിന്നു. ഇതിനിടയിലേക്കാണ്  ആ വൃദ്ധന്‍ കടന്നു വരുന്നത്..
വൃദ്ധന്റെ അവശത കണ്ടവര്‍ക്കൊക്കെ പാവം തോന്നി... അത് കണ്ടു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ജനലരികില്‍ ഇരുന്നവരൊക്കെ പുറത്തെ മനോഹരമായ കാഴ്ചകളിലേക്ക് തിരിഞ്ഞു.. ബാക്കിയുള്ളവര്‍ പുസ്തക വായനയിലെക്കും സംസാരത്തിലേക്കും  ഒക്കെ കടന്നു... നില്‍ക്കുന്നവരില്‍ 2 - 3 പേര്‍ വൃദ്ധന് വേണ്ടി വാദിച്ചെങ്കിലും ഒന്നും നടന്നില്ല... അറ്റത്തിരിക്കുന്ന ഒരാളുടെ സന്മനസ്സ് കൊണ്ട് ഒരല്പം സീറ്റ്‌ കിട്ടി... ആ ചെറിയ സ്ഥലത്ത് അള്ളിപിടിച്ച് ഇരിക്കുന്നതിനെക്കാളും സുഖം നില്‍ക്കുന്നതാണ് എന്ന് മനസിലാക്കിയ വൃദ്ധന്‍ എഴുന്നേറ്റു നിന്നു.... ട്രെയിന്‍ ഇതൊന്നും അറിയാതെ നീങ്ങി കൊണ്ടേ ഇരുന്നു....
ഏറെ നേരം നില്‍ക്കാനുള്ള ത്രാണി ആ വൃദ്ധന് ഉണ്ടായിരുന്നില്ല.. അയാള്‍ ട്രെയിനില്‍ കുഴഞ്ഞു വീണു.... നില്‍ക്കുന്നവരില്‍ ചിലര്‍ ആ വൃദ്ധനെ താങ്ങി.... മനസില്ലാമനസ്സോടെ ഒരു സീറ്റില്‍ നിന്ന് ചിലര്‍ എഴുനേറ്റു... എഴുനേല്‍ക്കാതെ ഇരുന്നവരെ പിടിച്ചു എഴുന്നേല്‍പ്പിച്ചു... ആ സീറ്റിലേക്ക് അയാളെ കിടത്തി.. വൃദ്ധന്റെ കയ്യില്‍ തന്നെയുണ്ടായിരുന്ന വെള്ളകുപ്പി തുറന്ന് മുഖത്ത് വെള്ളം തളിച്ചു. അയാള്‍ എഴുന്നേറ്റില്ല... കുറച്ചു പേര്‍ പോയി ടി ടി ആറെ വിളിച്ചു കൊണ്ട് വന്നു. അടുത്ത സ്റ്റേഷനില്‍ ആ വൃദ്ധനെ ഇറക്കി എല്ലാവരും യാത്ര തുടര്‍ന്നു.
അപ്പോഴും ആ ബോഗിയില്‍ ആരും ശ്രദ്ധിക്കാതിരുന്ന ഈ വാചകങ്ങള്‍ മായാതെ കിടന്നു..
"ആവശ്യക്കാര്‍ക്ക് സീറ്റ്‌ നല്‍കുക".

No comments:

Post a Comment