Tuesday, May 25, 2010

മറക്കുവാനാവാത്ത ഓര്‍മകളെന്‍
ഹൃദയത്തില്‍ വന്നു വിളിച്ചിടുമ്പോള്‍
താഴിട്ടു പൂട്ടിയ നൊമ്പരചെപ്പില്‍
നിന്നൊരു തുള്ളി കണ്ണീര് ഞാന്‍ പോഴിച്ചോട്ടെ

Monday, May 24, 2010

ഒരു ദുരന്ത കഥ

അപകടം നടന്നതും എവിടുന്നെന്നില്ലാതെ ചാനലുകാര്‍ ഓടിപാഞ്ഞെത്തി. അവര്‍ക്ക് മാത്രം കിട്ടിയ ദൃശ്യങ്ങള്‍ എക്സ്ക്ലുസിവായി കാണിച്ചു... അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തി കൊണ്ടിരിക്കുന്നവരെ പിടിച്ചു മാറ്റി നിര്‍ത്തി ചോദ്യ ശരങ്ങള്‍ എയ്തു.... അദ്ഭുതകരമായി രക്ഷപ്പെട്ട ഒരാളെ ചാനലുകാര്‍ ചുറ്റും കൂടി നിന്നു ശ്വാസം മുട്ടിച്ചു കൊന്നു....
അപകടവാര്‍ത്ത കേട്ട് വന്ന കുറച്ചു പേര്‍ തങ്ങളുടെ മൊബൈലില്‍ ഇനിയൊരിക്കലും കാണാന്‍ സാധ്യതയില്ലാത്ത ദൃശ്യങ്ങള്‍ പകര്‍ത്തി... കിട്ടാത്തവര്‍ക്ക് ബ്ലുടൂത്ത് വഴി അയച്ചു കൊടുത്തു....
അപ്പോഴും ആ രണ്ടു വയസ്സുകാരി അവളുടെ അമ്മാവന്റെ തോളില്‍ ഇരുന്നു ചിരിച്ചു... അച്ഛനും അമ്മയും  പോയതറിയാതെ.....

വടക്കേ ഇന്ത്യയില്‍ നിന്നൊരു സഹോദരന്‍

ട്രെയിനില്‍ കയറിയതും ഒരു സീറ്റ്‌ ഒത്തു. ബാഗ്‌ എടുത്തു വച്ച ശേഷം ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ സീറ്റില്‍ ഇരുന്നു. ചുറ്റിനും ഇരിക്കുന്ന ആളുകളെ ഒന്ന് കണ്ണോടിച്ചു. എന്‍റെയടുത്ത്  ഇരുന്നത് വടക്കേ ഇന്ത്യക്കാരനായ ഒരു പയ്യനായിരുന്നു. പാന്‍ ചവച്ച് കറ വീണ പല്ല് കാട്ടി അവന്‍ ചിരിച്ചു. ഞാനും ഒരു ചിരി പാസ്സാക്കി.
ഉടന്‍ അവന്‍ എന്നോടൊരു ചോദ്യം...
"ടിഷ്യു...?"
ഒരു ടവല്‍ പോലും വച്ചു ശീലമില്ലാത്ത ഞാന്‍ അവന്‍റെ ചോദ്യം കേട്ട് ഞെട്ടി... എന്‍റെ മുഖഭാവം മാറിമറിയുന്നത് കണ്ടപ്പോള്‍ എനിക്ക് കാര്യം പിടികിട്ടിയിട്ടില്ലെന്ന് അവനു മനസ്സിലായി... അവന്‍ വീണ്ടും ആവര്‍ത്തിച്ചു....
"ടിഷ്യു.. ടിഷ്യു...?"
ഇത്തവണ ഞാന്‍ ചുറ്റിനും ഇരുന്നവരെ ഒക്കെ നോക്കി... ആര്‍ക്കും സംഗതി പിടികിട്ടിയ മട്ടില്ല. അന്ധാളിച്ചു കൊണ്ട് ഞാനവന്‍റെ മുഖത്തേക്ക് നോക്കി... അവന്‍ പോക്കറ്റില്‍ കയ്യിട്ട് ട്രെയിന്‍ ടിക്കറ്റെടുത്ത് ചൂണ്ടി കാണിച്ചു... ഞാന്‍ അതെടുത്തു നോക്കി...
ഓ തൃശുരോ?... അടുത്ത സ്റ്റോപ്പ്‌.. നെക്സ്റ്റ് സ്റ്റോപ്പ്‌.. അഗല സ്റ്റോപ്പ്‌. എല്ലാം കൂടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ അവനു കാര്യം പിടികിട്ടി. അവന്‍ വീണ്ടും ആ പല്ല് കാട്ടി ചിരിച്ചു.. തൃശൂര്‍ എത്തുന്നത്‌ വരെ എന്‍റെ ഹിന്ദിയും ലവന്‍റെ ഹിന്ദിയും തമ്മില്‍ ഒരു പോരാട്ടം തന്നെ നടന്നു.
ആദ്യമായി വീട് വിട്ടിറങ്ങിയതാണവന്‍. വീടിനെ പറ്റി പറഞ്ഞപ്പോള്‍ അവന്‍റെ കലങ്ങിയ കണ്ണുകള്‍ നിറഞ്ഞു. തൃശൂരില്‍ അവന്‍റെ ഒരു നാട്ടുകാരന്‍ ഉണ്ട്. അയാളുടെ കൂടെ കൂടാന്‍ വന്നതാണ്. അവന്‍റെ സ്ഥിതിയോര്‍ത്തു പാവം തോന്നുക എന്നല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാന്‍ ഇല്ലായിരുന്നു.
തൃശൂര്‍ എത്തിയപ്പോള്‍ അവന്‍റെ കൂടെ ഞാനും പുറത്തേക്കിറങ്ങി. യാത്ര പറഞ്ഞ ശേഷം അവന്‍ നടന്നു.. ട്രെയിനിന്‍റെ വാതിലിനരികില്‍ നിന്ന് അവന്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു.

Monday, May 10, 2010

കുടിയന്‍ alias കുട്ടപ്പന്‍

മണി 10 ആയതേ ഉള്ളു..കുട്ടപ്പന്‍ ഷാപ്പിലേക്ക് വിട്ടു. ബാറുകളും ബീവറേജസ് കോര്‍പറേഷനും റെക്കോര്‍ഡ്‌ രൂപക്ക് മദ്യം വില്‍ക്കുന്ന ഈ കാലത്തും കുട്ടപ്പന് ഷാപ്പാണ്‌ പഥ്യം. ഷാപ്പിലെത്തി കുടി തുടങ്ങിയ കുട്ടപ്പന്‍ എല്ലാ ദിവസത്തെയും പോലെ വിഷമങ്ങള്‍ പറഞ്ഞ് കരയാന്‍ തുടങ്ങി.
സാമ്പത്തിക മാന്ദ്യത്തില്‍ ജോലി പോയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് നമ്മടെ കുട്ടപ്പന്‍. ജോലി പോയപ്പോള്‍ തോറ്റു പിന്മാറിയില്ല. അറ്റ കൈക്ക് കുട്ടപ്പന്‍ തുടങ്ങിയത് ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയാണ്.
പെട്ടിക്കട നടത്താന്‍ പോലും കഴിവില്ലാത്ത കുട്ടപ്പന്‍ തുടങ്ങിയ കമ്പനി എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ കുട്ടപ്പനല്ലാതെ മറ്റാരും ഞെട്ടിയില്ല. തലയ്ക്കു മീതെ കടം കയറിയപ്പോള്‍ കുടി തുടങ്ങി.
കുടി കഴിഞ്ഞാല്‍ പിന്നെ തീവ്രവാദികളെ പോലും പേടിക്കണ്ട, പിന്നെയാണ് കടം തന്ന നാട്ടുകാരെ....

Sunday, May 9, 2010

ട്രെയിന്‍ യാത്ര

റെയില്‍വേ സ്റ്റേഷന്‍. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നു ട്രെയിന്‍ കയറാന്‍ അന്ന്  പതിവില്‍ കൂടുതല്‍ തിരക്കായിരുന്നു. ആ തിരക്കിനിടയില്‍ നിന്നും ഒരു വൃദ്ധന്‍ വെള്ളം കുടിക്കാനായി കടയില്‍ കയറി. നന്നേ ക്ഷീണിച്ചിരുന്നു അദ്ദേഹം. വെള്ളം വാങ്ങി കാശ് കൊടുത്ത് അദ്ദേഹം ട്രെയിന്‍ കാത്തു നിന്ന ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു.
ഏറെ നേരത്തെ കാത്തു നില്‍പ്പിനു ശേഷം ട്രെയിന്‍ വന്നു. ട്രെയിനില്‍ നിന്ന് ഇറങ്ങുന്നവരെ ഇടിച്ചു തോല്‍പ്പിച്ചു കുറെ പേര്‍ ഇടയിലൂടെ കയറി പോയി. ബാക്കിയുള്ളവര്‍ എല്ലാവരും ഇറങ്ങിയ ശേഷം പരസ്പരം പോരടിച്ചു മത്സരിച്ചു അകത്തേക്ക് കയറി പറ്റി... ഇതിനിടയില്‍ പോക്കറ്റടിക്കാര്‍ പോക്കറ്റടിക്കാന്‍ പോലും നന്നേ ബുദ്ധിമുട്ടി. നീണ്ട നേരത്തെ യുദ്ധത്തിനു ശേഷം സീറ്റ്‌ കിട്ടിയവരൊക്കെ ലോകം കീഴടക്കിയവരെ പോലെ ഇരുന്നു. കിട്ടാത്തവര്‍ ചമ്മിയ മുഖവുമായും ഇരിക്കുന്നവരെ നോക്കി മുറുമുറുത്തും ഒക്കെ നിന്നു. ഇതിനിടയിലേക്കാണ്  ആ വൃദ്ധന്‍ കടന്നു വരുന്നത്..
വൃദ്ധന്റെ അവശത കണ്ടവര്‍ക്കൊക്കെ പാവം തോന്നി... അത് കണ്ടു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ജനലരികില്‍ ഇരുന്നവരൊക്കെ പുറത്തെ മനോഹരമായ കാഴ്ചകളിലേക്ക് തിരിഞ്ഞു.. ബാക്കിയുള്ളവര്‍ പുസ്തക വായനയിലെക്കും സംസാരത്തിലേക്കും  ഒക്കെ കടന്നു... നില്‍ക്കുന്നവരില്‍ 2 - 3 പേര്‍ വൃദ്ധന് വേണ്ടി വാദിച്ചെങ്കിലും ഒന്നും നടന്നില്ല... അറ്റത്തിരിക്കുന്ന ഒരാളുടെ സന്മനസ്സ് കൊണ്ട് ഒരല്പം സീറ്റ്‌ കിട്ടി... ആ ചെറിയ സ്ഥലത്ത് അള്ളിപിടിച്ച് ഇരിക്കുന്നതിനെക്കാളും സുഖം നില്‍ക്കുന്നതാണ് എന്ന് മനസിലാക്കിയ വൃദ്ധന്‍ എഴുന്നേറ്റു നിന്നു.... ട്രെയിന്‍ ഇതൊന്നും അറിയാതെ നീങ്ങി കൊണ്ടേ ഇരുന്നു....
ഏറെ നേരം നില്‍ക്കാനുള്ള ത്രാണി ആ വൃദ്ധന് ഉണ്ടായിരുന്നില്ല.. അയാള്‍ ട്രെയിനില്‍ കുഴഞ്ഞു വീണു.... നില്‍ക്കുന്നവരില്‍ ചിലര്‍ ആ വൃദ്ധനെ താങ്ങി.... മനസില്ലാമനസ്സോടെ ഒരു സീറ്റില്‍ നിന്ന് ചിലര്‍ എഴുനേറ്റു... എഴുനേല്‍ക്കാതെ ഇരുന്നവരെ പിടിച്ചു എഴുന്നേല്‍പ്പിച്ചു... ആ സീറ്റിലേക്ക് അയാളെ കിടത്തി.. വൃദ്ധന്റെ കയ്യില്‍ തന്നെയുണ്ടായിരുന്ന വെള്ളകുപ്പി തുറന്ന് മുഖത്ത് വെള്ളം തളിച്ചു. അയാള്‍ എഴുന്നേറ്റില്ല... കുറച്ചു പേര്‍ പോയി ടി ടി ആറെ വിളിച്ചു കൊണ്ട് വന്നു. അടുത്ത സ്റ്റേഷനില്‍ ആ വൃദ്ധനെ ഇറക്കി എല്ലാവരും യാത്ര തുടര്‍ന്നു.
അപ്പോഴും ആ ബോഗിയില്‍ ആരും ശ്രദ്ധിക്കാതിരുന്ന ഈ വാചകങ്ങള്‍ മായാതെ കിടന്നു..
"ആവശ്യക്കാര്‍ക്ക് സീറ്റ്‌ നല്‍കുക".

Saturday, May 8, 2010

വെറുക്കപ്പെട്ട 25 പൈസ

ഒരു നീണ്ട ഓട്ടത്തിനോടുവില്‍ ഞാന്‍ ആ ബസ്സില്‍ കയറി പറ്റി. പതിവ് പോലെ ആ ബസില്‍ ഇരിക്കാന്‍ സീറ്റില്ലെന്ന് മാത്രമല്ല നില്കാനുള്ള സ്ഥലം പോലുമില്ല... ഇതിനിടയിലെക്കാണ് കണ്ടക്ടറുടെ കടന്നു വരവ്.. "അവിടെ ടിക്കറ്റ്‌.. ടിക്കറ്റ്‌...."
ഒരു കൈ കൊണ്ട് തൂങ്ങി നിന്ന് മറ്റേ കൈ കൊണ്ട് പോക്കറ്റില്‍ നിന്ന് ഒരു 5 രൂപ കഷ്ടപ്പെട്ട് സംഘടിപ്പിച്ച്‌ കണ്ടക്ടര്‍ക്ക്  കൊടുത്തു. "ഒരു തോട്ടുമല".
"4.50 രൂപയാ..  50 പൈസ ചേഞ്ച്‌ വേണം" മുഖത്ത് പോലും നോക്കാതെ കണ്ടക്ടര്‍ ഉത്തരവിട്ടു.
"50 പൈസ ഉണ്ടാവില്ല ചേട്ടാ..."
"എന്ന് പറഞ്ഞാലെങ്ങനെയാ... ഇവിടെ ചില്ലറയൊന്നും ബാക്കിയില്ല" കണ്ടക്ടര്‍ കണ്ണ് തുറിച്ചു..
വീണ്ടും ഒരു കൈ കൊണ്ട് തൂങ്ങി നിന്ന് പോക്കറ്റില്‍ തപ്പി.... ഇത്തവണ നിരാശനായി.... പോക്കറ്റില്‍ കയ്യിട്ടപ്പോ കിട്ടിയത് പഴയ കീറിയ 2 ബസ്സ്‌ ടിക്കറ്റ്‌ മാത്രം.
ദയനീയാവസ്തയോടെ ഞാന്‍ കണ്ടക്ടറെ നോക്കി.... രക്ഷയില്ല.. കണ്ടക്ടര്‍ ദേഷ്യത്തില്‍ തന്നെ....
പയ്യെ പിന്നിലെ പോക്കറ്റില്‍ നിന്ന് പേഴ്സ് എടുത്തു. കുറച്ചു നേരം തപ്പിയതും രണ്ടു 25 പൈസ കിട്ടി....
ഞാന്‍ അതെടുത്ത് കണ്ടക്ടര്‍ക്ക് നേരെ നീട്ടി. ഒപ്പം പരിഹാസത്തോടെ ഒരു ചിരിയും... അതങ്ങനെയാണ്, 25 പൈസയോട് എന്തോ വൈരാഗ്യമാണ് നമുക്ക്.
ഈ പരിഹാസ ചിരി കണ്ടക്ടര്‍ക്ക് അത്ര സുഖിച്ചില്ല. ചില്ലറ കിലുങ്ങുന്ന ബാഗില്‍ കയ്യിട്ട് അയാള്‍ ബാക്കി നല്‍കി. ഒപ്പം വിജയഭാവത്തില്‍ ഒരു ചിരിയും...
ഞാന്‍ കയ്യിലേക്ക് നോക്കി. നേരത്തെ കൊടുത്ത രണ്ടു 25 പൈസയും, അതിന്റെ കൂടെ ഒരു 50 പൈസയും.

Tuesday, May 4, 2010

മൈനസ് ലൈവ്

 
"ഹായ് മൈനസ് ലൈവ് പ്രോഗ്രാം-ലേക്ക് സ്വാഗതം.... ഇന്നത്തെ ചോദ്യം ഇതാണ്... ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നാ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരെന്ത്?... എല്ലാവരും പെട്ടന്ന് തന്നെ sms ചെയ്യുക.. സമ്മാനങ്ങള്‍ നേടുക"
പതിവ് പോലെ ആ കൊഞ്ചുന്ന മൊഴി കേട്ടാണ് രാമന്‍ കണ്ണ് തുറന്നത്.... കണ്ണ് തിരുമ്മി കൊണ്ടവന്‍ മൊബൈല്‍ എടുത്ത് sms വിട്ടു...
പതിയെ രാമന്‍ എഴുന്നേറ്റു പല്ല് തേക്കാന്‍ ബ്രഷ് എടുത്തു..... TV-ക്ക് മുന്നില്‍ തന്നെ ഇരുന്നു പല്ല് തേച്ചു.... വായ കഴുകാന്‍ പോയ നേരത്താണ് രവി വന്നു ചാനല്‍ മാറ്റിയത്. അലറി കൊണ്ട് വന്ന രാമന്‍ രവിയെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചു.... തെറി കേട്ട് കണ്ണ് തള്ളിയ രവി മൈനസ് ലൈവ് തന്നെ വീണ്ടും വച്ചു. കൊഞ്ചുന്ന സുന്ദരിയെ കണ്ടതും രാമന്റെ ദേഷ്യം പമ്പ കടന്നു... 
"സുന്ദരിയെ വാ വെന്നിലാവേ വാ" - രാമന്റെ മൊബൈല്‍ മന്ത്രിച്ചു..
"ഹലോ....."
"ഹലോ... ഇത് മൈനസ് ലൈവില്‍ നിന്നാണ്. നിങ്ങള്‍ ആണ് ഇന്നത്തെ വിന്നര്‍.. പേരും സ്ഥലവും പറയാമോ?"
"രാമന്‍, പ്ലാച്ചിമട"
"നന്ദി.. പരിപാടി കഴിയുമ്പോ അഡ്രസ്‌ ചോദിക്കാന്‍ വിളിക്കും"
തിരിച്ച് എന്തെങ്കിലും പറയും മുമ്പ് ഫോണ്‍ കട്ട്‌ ആയി.... പരിപാടി തീരാന്‍ നേരത്ത് സുന്ദരി TV-യിലൂടെ വിളിച്ചു പറഞ്ഞു...
"ഇന്നത്തെ നമ്മുടെ വിന്നര്‍ പ്ലാച്ചിമടയില്‍ നിന്നുള്ള രാമന്‍ ആണ്"
രാമന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി....
..................................................................
പരിപാടി കഴിഞ്ഞ് 4 മണിക്കൂറായി. ഇത് വരെയും ഫോണ്‍ ഒന്നും വന്നില്ല... രാമന്റെ ക്ഷമ കെട്ടു. നേരത്തെ ഫോണ്‍ വന്ന നമ്പറില്‍ വിളിച്ചു നോക്കി.... പ്രൊഡ്യുസര്‍ ഉടന്‍ വിളിക്കുമെന്നു അറിയിപ്പ് കിട്ടി...
 ദിവസങ്ങള്‍, മാസങ്ങള്‍ കൊഴിഞ്ഞു.... ഒരുത്തനും വിളിച്ചില്ല... നിരാശക്കിടയിലും രാമന്‍ സന്തോഷവാന്‍ ആയിരുന്നു...
ചോദിച്ച്ചവരോടൊക്കെ അവന്‍ പറഞ്ഞു..
"സമ്മാനം കിട്ടിയില്ലെന്കിലെന്താ..... ആ സുന്ദരി എന്റെ പേര് വിളിച്ചല്ലോ...."

Monday, May 3, 2010

കിളി പറ്റിച്ച പണി...

ഇന്റര്‍വ്യൂ-വിന് ഇന്നും പതിവ് പോലെ നല്ല തിരക്ക്.. ഈ ഇന്റര്‍വ്യൂവിനെങ്കിലും ഒരു ജോലി ഒപ്പിക്കണം... എന്നാലെ പ്രശ്നങ്ങള്‍ തീരൂ... ആലോചിച്ചു തല പുണ്ണായപ്പോള്‍ അവന്‍ എഴുന്നേറ്റു...
സെക്യൂരിറ്റിയുടെ അടുത്ത് ചെന്ന് അവന്റെ പേര് വിളിക്കാന്‍ സമയമായോ എന്ന് അന്വേഷിച്ചു...
"അര മണിക്കൂറെങ്കിലും കഴിയും" സെക്യൂരിറ്റി ഗൌരവ ഭാവം വിടാതെ പറഞ്ഞു.
അവന്‍ പുറത്തേക്കിറങ്ങി. കുറച്ചകലെയുള്ള ഒരു മരത്തിന്റെ ചോട്ടിലെത്തി കാര്യം സാധിച്ചു. പെട്ടന്നായിരുന്നു അത് സംഭവിച്ചത്. അവന്റെ തോളില്‍ എന്തോ വന്നു വീണു. തന്റെ തിളങ്ങുന്ന ചുവന്ന ഷര്‍ട്ട്‌-ഇല്‍ നീളത്തില്‍ ഒരു വെള്ളപ്പാണ്ട് കണ്ടു അവന്‍ ഞെട്ടി.
മേലോട്ട് നോക്കിയപ്പോള്‍, അതാ അവിടെ ഇരുന്നു ചിരിക്കുന്നു പേരറിയാത്തൊരു കിളി.
"നാശം..." കിളിയെ ചീത്ത വിളിച്ചു കൊണ്ടവന്‍ പൈപ്പ് അന്വേഷിച്ചു ഓടി.
പൈപ്പ്-നു ചുവട്ടില്‍ എത്തിയതും കൈ കൊണ്ട് തന്നെ എല്ലാം കഴുകി കളഞ്ഞു.
തിരിച്ച് ഇന്റര്‍വ്യൂ ഹാള്‍-ലേക്ക് നടക്കുന്നതിനിടയില്‍ അവന്‍ കൈ കൊണ്ട് ഷര്‍ട്ട്‌ 2-3 പ്രാവശ്യം കൂടി തുടച്ചു. ഹാളില്‍ എത്തിയതും സെക്യൂരിറ്റി വിളിച്ചിട്ട് പറഞ്ഞു
"തന്റെ പേരൊക്കെ എപ്പഴേ വിളിച്ചു കഴിഞ്ഞു.. ഇനി ഇവിടെ വെയിറ്റ് ചെയ്ത് സമയം കളയണ്ട എന്ന് സാര്‍ പറയാന്‍ പറഞ്ഞു.. വണ്ടി വിട്ടോ..."
കുറെ പറഞ്ഞു നോക്കിയെങ്കിലും സെക്യൂരിറ്റി സമ്മതിച്ചില്ല.... നിരാശയോടെ അവന്‍ തിരിഞ്ഞ് നടന്നു..
പോകുന്ന വഴിക്ക് മരത്തിന്റെ ചോട്ടില്‍ പോയി നിന്ന് ആ കിളിയെ തിരഞ്ഞു നോക്കി..
അത് അപ്പോഴേക്കും എങ്ങോട്ടോ പറന്നു പോയിരുന്നു...

Saturday, May 1, 2010

ആരംഭം

ഒരുപാട് മനുഷ്യര്‍ ഭൂമിയില്‍ പിറവിയെടുത്ത ശേഷം ഈ ഭൂലോകത്തിലും പിറവിയെടുക്കുന്നു....
എനിക്കും വിട്ടു നില്‍ക്കാന്‍ കഴിയുന്നില്ല..... ഒടുവില്‍ ഞാന്‍ തീരുമാനിച്ചു "ഭൂമിക്കൊപ്പം ഈ ഭൂലോകതിന്റെയും കൂടി സൗന്ദര്യം നുകരാന്‍..."